
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്നും അറബ് സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ്, ലുലു ഗ്രുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജി.സി.സി. രാജ്യങ്ങളിൽ “എക്സ് പ്ലോർ കേരള” സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി അബുദാബിയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ മുഷ്റിഫ് മാളിൽ ഫെബ്രവരി 22 മുതൽ 25 വരെയാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. ദുബായിലെ ഇന്ത്യ ടൂറിസം ഓഫീസ്, ടൂറിസം ഇന്ത്യ, ബ്രാൻഡ് കേരള മാഗസിൻ എന്നിവരും നാല് ദിവസത്തെ എക്സ്പോയിൽ പങ്കാളികളാണ്.
എക്സ് പ്ലോർ കേരളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലിക്ക്
നൽകി നിർവ്വഹിച്ചു. ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
നിലവിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. മെഡിക്കൽ ടൂറിസം, മൺസൂൺ സീസൺ തുടങ്ങിയവയ്ക്ക് സംസ്ഥാനത്ത് സാധ്യതകളേറേയാണ്. കേരളത്തിലെ ഹോട്ടൽ ആയുർവേദ രംഗത്തെ പ്രമുഖർ എക്സ്പോയിൽ പങ്കെടുക്കും. അറബ് സഞ്ചാരികൾക്ക് കേരളത്തിന്റെ പ്രകൃതി മനോഹാരിതയെപ്പറ്റിയും തനത് കലാരൂപങ്ങളെപ്പറ്റിയും കൂടുതൽ അറിയുന്നതിന് മേള സഹായകരമാകും.
എല്ലാ വിഭാഗക്കാരെയും ആകർഷിക്കുന്ന വിവിധ ടൂർ പാക്കേജുകൾ എക്സ് പോയുടെ പ്രത്യേകതയാണ്. മേള നടക്കുന്ന ദിവസങ്ങളിൽ കേരളത്തിന്റെ തനതു കലാ രൂപങ്ങളായ കഥകളി, തെയ്യം, മോഹിനിയാട്ടം, തായമ്പക തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടായിരിക്കും. കേരളത്തിന്റെ നാടൻ ഭക്ഷ്യവിഭവങ്ങളുൾപ്പെടുന്ന കേരള ഫുഡ് ഫെസ്റ്റിവലും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
പൊതു സ്വകാര്യ മേഖലകൾ തമ്മിലുള്ള ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവേകുമെന്നും ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി കേരളത്തിനുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി മലയാളികൾക്കും വളരെയടുത്ത ബന്ധമാണുള്ളത്. തങ്ങളുടെ രണ്ടാമത്തെ വീടായാണ് മലയാളികൾ ഗൾഫിനെ പൊതുവേ കാണുന്നത്.
മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ കണക്കെടുത്താൽ സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതലായി സഞ്ചാരികൾ കേരളത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ധാരാളമായി എത്തുന്നുണ്ട്. സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ കേരളത്തിലെത്തിയത്. 2015 ൽ 71, 500 പേർ സൗദിയിൽ നിന്നെത്തിയപ്പോൾ യു.എ.ഇ.യിൽ നിന്ന് 20,506 പേരാണ് കേരളം കാണാനെത്തിയത്. ഈ കാലയളവിൽ 17,924 പേർ ഒമാനിൽ നിന്നുമെത്തി. അറബ് നാടുകളിൽ നിന്നായി ശരാശരി 1.12 ലക്ഷത്തിലധികം സന്ദർശകരാണ് കേരളം കാണാനെത്തുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ കേന്ദ്രീകരിച്ച് ടൂറിസം എക്സ്പോ തുടർന്നും സംഘടിപ്പിക്കുമെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു.
അബുദാബി ടൂറിസം അതോറിട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ സുൽത്താൻ മുത്തവ അൽ ദാഹിരി എക്സ്പോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സൂരി, എത്തിഹാദ് എയർവേയ് സീനിയർ വൈസ് പ്രസിഡണ്ട് ഹാരിബ് അൽ മുഹൈരി, ഇന്ത്യ ടൂറിസം ഡയറക്ടർ ഐ.ആർ.വി. റാവു, എന്നിവരും സംബന്ധിക്കും.
കെ.ടി.ഡി.സി.യും ലുലു ഗ്രൂപ്പ് ചേർന്ന് സംഘടിപ്പിക്കുന്ന എക്സ് പ്ലോർ കേരളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം .എ.അഷ്റഫ് അലിക്ക് നൽകി നിർവ്വഹിക്കുന്നു. ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവർ സമീപം.
Comments
comments