You are here
Home > ദേശീയം > ആധാർ നിർബന്ധം – കോടതിയലക്ഷ്യമായി അഖിലേന്ത്യാ എഞ്ചിനീയറിങ്ങ് എൻട്രൻസ് പരീക്ഷ

ആധാർ നിർബന്ധം – കോടതിയലക്ഷ്യമായി അഖിലേന്ത്യാ എഞ്ചിനീയറിങ്ങ് എൻട്രൻസ് പരീക്ഷ

രാജ്യത്ത് ഒരു സേവനത്തിനും ആധാർ കാർഡ് നിർബന്ധമാക്കരുത് എന്ന സുപ്രീംകോടതിയുടെ ആവർത്തിച്ചുള്ള 6 വിധികളെയും വെല്ലുവിളിച്ചുകൊണ്ട് സി.ബി.എസ്.സി

അഖിലേന്ത്യാ എഞ്ചിനീയറിങ്ങ് എൻട്രൻസ് പരീക്ഷയായ JEE ക്കാണ് ആധാർ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. അപേക്ഷിക്കാനും പരീക്ഷയെഴുതാനും ആധാർ വേണം.

രാജ്യത്ത് തിരിച്ചറിയലിന് ഉപയോഗിക്കുന്ന വിവിധങ്ങളായ രേഖകളിൽ ഒന്ന് എന്നതിലപ്പുറം ആധാർ കാർഡ് എടുക്കാൻ ഒരു പൌരനെയും നിർബന്ധിക്കരുതെന്നും ഏതെങ്കിലും സേവനം ലഭ്യമാക്കുന്നതിന് ആധാർ എടുത്തിരിക്കണമെന്ന ഉപാധിയുണ്ടാവരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ ഇതിനു വിപരീതമായി കേരളത്തിലെ പ്രൈമറി സ്കൂളുകളിൽ പോലും ആധാർ കാർഡ് നിർബന്ധമായും നൽകേണ്ട സാഹചര്യമുണ്ട്.

ഇപ്പോൾ അഖിലേന്ത്യാ എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷക്കും ഇത് നിർബന്ധമാക്കിയിരിക്കുകയാണ്.

ഭാവിയിൽ ട്രൈൻ ടിക്കറ്റ് റിസർവ് ചെയ്യണമെങ്കിലും ആധാർ നിർബന്ധമാക്കാൻ നീക്കമുണ്ടെന്നും അറിയാൻ കഴിയുന്നു.

എല്ലാത്തിനുമുപരി. അതിക്രമങ്ങൾക്കും അനീതികൾക്കും ഇരയായി പരിഹാരത്തിന് പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തുന്ന സാധാരണക്കാർക്കു പോലും ആധാർ നിർബന്ധമാക്കാനും നീക്കമുണ്ട്.

എന്നാൽ, ഗവൺമെൻറിൻറെ ഇത്തരം നീക്കങ്ങളെല്ലാം സുപ്രീം കോടതിയുടെ വിധികൾക്കെതിരും ആയതിനാൽ കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേരത്തെ സ്കൈപ്പിനു വേണ്ടിയും മൈക്രോസോഫ്റ്റിൻറെ മറ്റ് സേവനങ്ങൾക്കും ആധാർ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ ചർച്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു.

റിലയൻസിന്റെ ജിയോ സിം കണക്ഷൻ എടുക്കണമെങ്കിലും ആധാർ കാർഡാണ് ഉപയോഗിച്ചിരുന്നത്.

ആധാറിനു വേണ്ടി ബയോമെട്രിക് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്ന സമയത്ത് പൌരൻമാരുടെ സ്വകാര്യത മറ്റാരുമായും പങ്കുവെക്കില്ലെന്നും വിവരങ്ങൾ പുറത്തു പോവില്ലെന്നും ഭരണകൂടം ഉറപ്പുനൽകിയിരുന്നു.

മേൽപറഞ്ഞ കാര്യങ്ങൾ ആധാർ വിവരങ്ങൾ സ്വകാര്യകമ്പനികളുമായി പങ്കുവെക്കുന്നതിന്റെ നഗ്നമായ തെളിവുകളാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

Comments

comments

Top
>