
ജിയോ ഫാക്റ്റർ…!
Navas Jane
അതിന് മുമ്പ് ഫൈറ്റ് ക്ലബ് എന്ന സിനിമയിലെ ഏതാനും ഡയലോഗുകൾ.
We are consumers. We’re the by-products of a lifestyle obsession.
The things you own end up owning you.
It’s only after we’ve lost everything that we’re free to do anything.
…an entire generation pumping gas, waiting tables – slaves with white collars. Advertising has us chasing cars and clothes, working jobs we hate so we can buy shit we don’t need. We’re the middle children of history, man. No purpose or place….
You’re the all-singing, all-dancing crap of the world.
(തൽക്കാലം ആ ഫിലിമിലെ ക്രൂഡ് ഭാഷ ഞാൻ കടമെടുക്കുന്നു. സോ ബ്രെയ്സ് യുവർസെൽഫ്)
പണ്ട് പണ്ട്, 2001-2002 കാലഘട്ടം. ജിദ്ദയിൽ എവിടെ നോക്കിയാലും മൈബൈൽ ഫോൺ ആയിരുന്നു സംസാരവിഷയം. ഒരു സുപ്രഭാതത്തിൽ എല്ലാവരും രണ്ടിഞ്ച് വലിപ്പമുള്ള മോണോക്രോം എൽ സി ഡിയിലേക്ക് നൂണ്ട് കയറി. റോഡിന് നടുവിലും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും കോളുകൾ വന്നു. അവന്റെ സ്വകാര്യത മുഴുവൻ അഞ്ചിഞ്ച് വലിപ്പമുള്ള ഒരു സാധനം കവർന്നെടുത്തു. അതവന്റെ ജീവിതത്തിന്റെ അർത്ഥം പുനർനിർവ്വചിച്ചു. അവന്റെ ലോകം ആ രണ്ടിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങി. അവൻ നോക്കിയ 3310 ലെ ഫോണിലെ പാമ്പിനെപ്പോലെ ആ കൊച്ചു ചതുരത്തിലെ പിക്സലുകൾ തിന്നു പുളഞ്ഞു നടന്നു. പിന്നെ പിന്നെ ആ പിക്സലുകൾ അവനെ തന്നെ തിന്നാൻ തുടങ്ങി.
ഞാൻ അന്ന് എന്റെ അടുത്ത് താമസിച്ചിരുന്ന ഈജിപ്തുകാരൻ സഹപ്രവർത്തകനോട് പറഞ്ഞു: “ഈ സാധനം ഞാൻ വാങ്ങുന്നില്ല”. അവന്റെയും മനസ്സിൽ അങ്ങനെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അവനും പറഞ്ഞു: ഞാനും വാങ്ങുന്നില്ല. അവന്റെ മുഖം വിടർന്നു.
അഞ്ചാറ് മാസങ്ങൾ കഴിഞ്ഞു. ആര് കണ്ടാലും ഒരേയൊരു ചോദ്യം. “ആതിനീ റഖം ജവാലക്”. ഞങ്ങൾ വിശദീകരിച്ച് കുടുങ്ങി. ജവ്വാലില്ല!! പിശുക്കൻ, ബാക്ക്വേഡ്, തുടങ്ങിയ വിളികൾ. സമാധാനം നഷ്ടപ്പെട്ടു. ഒടുവിൽ ജനങ്ങൾക്ക് വേണ്ടി ഏറ്റവും വില കുറഞ്ഞ സീമെൻസിന്റെ 75 റിയാൽ മാത്രം വിലയുള്ള ഒരു ഫോൺ വാങ്ങാൻ നിർബന്ധിതരായി. ആദ്യത്തെ പ്രതിരോധത്തിന് മാത്രമേ നീളമുണ്ടായിരുന്നുള്ളൂ. വളരെ പെട്ടെന്ന് തന്നെ ആ സാധനം വിറ്റ് ഏറ്റവും വിലപിടിപ്പുള്ള ഫോണിലേക്ക് ചാടി എല്ലാവരുടെയും മുന്നിൽ കടന്നു.
ജനങ്ങൾക്ക് സ്വാസ്ഥ്യം നഷ്ടപ്പെട്ടു. എസ് എം എസ് അയച്ചാൽ മറുപടി അയക്കാൻ എല്ലാവരും നിർബന്ധിതനായി. ഉറക്കത്തിൽ അതവരെ ഞെട്ടി എണീപ്പിച്ചു. ആഘോഷ ദിവസങ്ങളും ആശംസകളും മതേഴ്സ് ഡേയും ഫാദേഴ്‌സ് ഡേയും നാഷണൽ ഡേയും ഗാന്ധി ജയന്തിയും സമാധിയും വന്നു. മരിച്ച് പോയ മഹാന്മാരൊക്കെയും നമ്മുടെ ദിന രാത്രങ്ങളെ നായാടി. ഗോസിപ്പുകൾ ഉറക്കിലും വിളിച്ചുണർത്തി. ശൃംഗാരവും കരച്ചിലും അലർച്ചയും രണ്ടിഞ്ച് സ്‌ക്രീനിലായി. ഇടക്കിടക്ക് ലോകത്തിലെ സകലമാന വേശ്യകളും തുണിയഴിച്ച് നമ്മുടെ ലൈംഗികതയെ ചോദ്യം ചെയ്തു. ഇടക്കിടക്ക് മരണ വാർത്തകൾ വന്നു. ഉറ്റവർക്ക് വല്ലതും സംഭവിച്ച വാർത്ത വരുമോ എന്ന് പേടിച്ച് നമ്മൾ മൊബൈലിലേക്ക് തുറിച്ച് നോക്കി. പണ്ടത്തെ ദുരന്ത വാർത്തകൾ വൈകി മാത്രം എത്തിയപ്പോൾ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്ന ആശ്വാസം പോയ തലമുറക്ക് ഉണ്ടായിരുന്നു എന്നാൽ മാതാപിതാക്കളിലൊരാൾ ഐസിയുവിലാണെന്ന തത്സമയ വാർത്ത നമ്മെ നിസഹായരാക്കി. രക്ഷപ്പെടാൻ ഒരു വഴിയുമില്ല. മെരുകിനെപ്പോലെ അവൻ വീട്ടിലും പ്രവാസത്തിലും അസ്വസ്ഥനായി മണ്ടിപ്പാഞ്ഞു. വേലി ചാട്ടം അയല്പക്കത്ത് വരെ സാധാരണയായി. ഭാര്യയോ ഭർത്താവോ വേറെ ആർക്കെങ്കിലും നമ്മളറിയാതെ വിളിക്കുന്നുണ്ടോ? മക്കൾ രഹസ്യമായി മൊബൈൽ കൊണ്ട് നടക്കുന്നുണ്ടോ? മൈബൈൽ ഫോൺ അവന്റെ ദുഖവും സുഖവും നൊമ്പരവും പ്രതീക്ഷയും ഭീതിയുമായി. അത് നമ്മെ നമ്മളറിയാതെ അതിന്റെ അടിമകളാക്കുകയായിരുന്നു.
പിന്നെപ്പിന്നെ അത് നമ്മളുടെ ജീവിതത്തിന് പുതിയ പുതിയ ബാധ്യതകൾ അടിച്ചേല്പിക്കാൻ തുടങ്ങി. എം എം എസ്, ബ്ലൂടൂത്ത്, വാട്ട്സാപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ക്വിക് എല്ലാം അഭിവാജ്യ ഘടകമായി. നമ്മുടെ വിഷമങ്ങളും ബാധ്യതകളും പതിന്മടങ്ങ് വർദ്ധിച്ചു. ലോകത്തെ ഓരോ കൊച്ചു കൊച്ചു സംഭവങ്ങളും നമ്മുടെ അസ്വാസ്ഥ്യങ്ങളായി. ഫാഷിസത്തിന്റെ ഓരോ ഇരയും സ്വന്തം ചിത്രവും കഥയുമായി നമ്മളായി സ്വയം പരിചയപ്പെടുത്തി.
പിന്നീട് ജിയോ വന്നു. മുമ്പൊക്കെ വിളിക്കാൻ 20 രൂപയുടെ കൂപ്പണും 49 രൂപ കൊണ്ട് ഇന്റർനെറ്റും കൊണ്ട് സമാധാനത്തോടെ ജീവിച്ചവന് ദിവസം 1 ഗിഗാബൈറ്റ് തികയാതെ വന്നു. 1 ജിബി നമ്മുടെ ബെയർ മിനിമം റിക്വയർമെന്റായി. ഹൈ, ഒരു ജിബിയെങ്കിലും ഇല്ലാതെങ്ങനെ? ചിലിയിലെ കുസൃതിപ്പൂച്ചയുടെ വികൃതികളും, അറ്റക്കാമ മരുഭൂമിയിലെ രണ്ട് തലയുള്ള പാമ്പും, ബോളിവുഡിലെ ഐറ്റം ഡാൻസും, ശശീന്ദ്രന്റെ ഫോൺ വിളിയും ഇല്ലാതെങ്ങനെ?
ജിയോക്ക് മുമ്പ് 30 രൂപ കൊണ്ട് ഒരു മാസം തികച്ചവൻ ഇനി മുതൽ മിനിമം 350 രൂപ ഇതിലേക്ക് മാറ്റിവെക്കേണ്ടി വരും. നാല് പേരുള്ള ഒരു വീട്ടിൽ 1400 രൂപ ടെലിഫോൺ കമ്പനികൾ അപഹരിക്കും. പകരം അവർ തരുന്നത് പുതിയ തലവേദനകൾ. ജിയോ മ്യൂസിക്, ജിയോ മൂവീസ്, ജിയോ മണി, ജിയോ മൂത്രം, ജിയോ വിർച്വൽ ഡോൾ, ജിയോ ക്ലൗഡ്, ജിയോ അവന്റെ അപ്പന്റെ കിണ്ണാംകൃതി..
ഭൂലോക വിഡ്ഢികളേ, ഒരു ജിബി 49 രൂപക്ക് വെറുതെ തരുന്നതല്ല ബിസിനസ്, എല്ലാ എരപ്പകളെകൊണ്ടും 350 രൂപ ചെലവാക്കിക്കുന്നതാണ് ബിസിനസ്. അതുകൊണ്ടാണ് 15 രൂപയുടെ എമർജൻസി ടോക്ക് ടൈമിന് വേണ്ടി 60% പലിശ ഈടാക്കിയിരുന്ന മലരന്മാർ എല്ലാവരും അൺലിമിറ്റഡ് കോൾ സൗകര്യം തരുന്നത്.
നിങ്ങൾക്ക് ആവശ്യമില്ലാത്ത തീട്ടം വലിയ വില കൊടുത്ത് വാങ്ങാൻ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ നിർബന്ധിക്കുന്നതാണ് മാർക്കറ്റ് എക്കണമി.
ഒരു തലമുറ മുഴുവൻ പെട്രോൾ പമ്പിലും വാർക്കപ്പണിയിലും ഗവണ്മെന്റ് ആപ്പീസിലെ ക്ലർക്കായും തെങ്ങ് കയറിയും ഹോട്ടലിൽ എച്ചിൽ തുടച്ചും ഈ മലരന്മാർക്ക് മാസാവസാനം 350 രൂപ ഉണ്ടാക്കി കൊടുത്തിരിക്കും. 60 കോടി എരപ്പകൾ ടെലഫോൺ ഭീമന്മാർക്ക് ഒരു മാസം ഉണ്ടാക്കി കൊടുക്കുന്ന തുക 21000 കോടി രൂപ. നിങ്ങൾ ഒരു കൺസ്യൂമറാണ്, നിങ്ങൾ നിങ്ങളുടെ ജീവിത ശൈലിയുടെ അടിമയും ചണ്ടിയും ബൈ പ്രൊഡക്റ്റുമാണ്. ഇവിടെ നിങ്ങൾ സ്വന്തമാക്കുന്ന എല്ലാം ആത്യന്തികമായി നിങ്ങളെ സ്വന്തമാക്കുന്നു.
You’re the all-singing, all-dancing crap of the world.
Comments
comments
