
അംജദ് അലി
മെറിന എങ്ങനെ സമീറയായി? ഈ ചോദ്യത്തെക്കാൾ മെറിന എന്തിനു സമീറയായി എന്ന ചോദ്യത്തെ കുറിച്ച് സംസാരിക്കാനാണ് ഉദ്ദേശിക്കുന്നത്
‘ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിച്ച ദുരിതം’ എന്ന വണ്‍ലൈനറില്‍ കഥ പറയുന്ന മഹേഷ് നാരായണന്‍ ചിത്രമായ ടേക്ക് ഓഫ് നെ കുറിച്ചാണു പറഞ്ഞ് വരുന്നത്.
2014 ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്‌സുമാരെ നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് രക്ഷപ്പെടുത്തുന്ന കഥയാണു ടേക്ക് ഓഫ് പറഞ്ഞ് വെക്കുന്നത്.
യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെടുത്ത സിനിമ എന്ന ടാഗ് ലൈനിൽ ഇറങ്ങിയ സിനിമ, പക്ഷെ തീർത്തും വാസ്തവ വിരുദ്ധവും ഇസ്ലാമോഫിക്കുമായ പരിസരങ്ങളിലൂടെയാണു കടന്ന് പോകുന്നത്.
ഇന്ത്യയിൽ നിന്നുള്ള 42 നഴ്സുമാർ ഇറാക്കിലെ തിക്രിത്ത് ആശുപത്രിയിൽ കുടുങ്ങുന്നു. ഐ.എസിന്റെ പിടിയിലായ അവരെ രക്ഷിക്കുന്നതിനായി ഇന്ത്യൻ അംബസിഡർ മനോജ് കുമാറിന്റെ (ഫഹദ് ഫാസിൽ) നേതൃത്വത്തിൽ നടത്തുന്ന നയതന്ത്രവും സമീറ (പാർവതി) എന്ന മുസ്ലിം വനിതയുടെ സാധ്യത ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന തന്ത്രങ്ങളുമാണു സിനിമയുടെ ഇതിവൃത്തം. ഇതിനായി നഴ്സുമാർ എല്ലാവരും ഹിജാബ് ധരിക്കുന്നു, പാസ്പ്പോർട്ട് കത്തിക്കുന്നു, നമസ്കാരം പഠിക്കുന്നു, തങ്ങളുടെ മത ചിഹ്നങ്ങൾ മറച്ച് വെക്കുന്നു ഇങ്ങനെ ‘തന്ത്ര’ പ്രധാനമായ രംഗങ്ങളിലൂടെയാണു സിനിമ മുന്നോട്ട് പോകുന്നത്…
എന്നാൽ യഥാർത്ഥ ജീവിതത്തിലെ, കഥാ നായികയായ മെറിൻ അടക്കമുള്ള നഴ്സുമാർ തിരിച്ചെതിയതിനു ശേഷം ന്യൂസ് ചാനലുകളിൽ ഇരുന്നു പറഞ്ഞത് വെത്യസ്തമായ ഒരു കഥയായിരുന്നു.
ആശുപത്രിയിൽ കുടുങ്ങി പോയ തങ്ങളോട്, ഈ സ്ഥലം അപകടമാണെന്നും എപ്പോൾ വേണാമെങ്കിലും സ്ഫോടനങ്ങൾ ഉണ്ടാകാമെന്നും അതു കൊണ്ട് തന്നെ ഇവിടെ നിന്ന് മാറി എങ്ങോട്ടെങ്കിലും രക്ഷപ്പെടണമെന്നും ആവശ്യപ്പെടുന്നത് ഇറാക്കി വിമത സഖ്യമായിരുന്നുവെന്നാണു മെറിൻ അടക്കമുള്ള നഴ്സുമാർ അന്ന് വാർത്ത ചാനലുകൾക്ക് മുമ്പാകെ പറഞ്ഞത്. കുടുതല്‍ സുരക്ഷിതമായ മൊസോളിലെക്ക് വേണമെങ്കില്‍ തങ്ങൾ തന്നെ എത്തിക്കാമെന്നും വിമത സൈന്യം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എംബസിയുടെ നിർദ്ദേശ പ്രകാരം ആദ്യ ദിവസം തന്നെ നഴ്സുമാർ അത് അങ്ങീകരിക്കാൻ തയ്യാറായിരുന്നില്ല. രണ്ടാം ദിനവും അത് ആവർത്തിക്കുന്നു. ഞങ്ങൾ നിങ്ങളുടെ സഹോദരങ്ങളാണു, ഉപദ്രവിക്കാൻ വന്നവരല്ല എന്നൊക്കെ വിമതർ പറഞ്ഞതായും നഴ്സുമാർ വിവരിക്കുന്നുണ്ട്.. മൂന്നാം ദിനം വിമത സഖ്യം നിർബന്ധം പിടിച്ചത് കൊണ്ടാണത്രേ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ അനുവാദത്തോടു കൂടി തിക്രിത്തിൽ നിന്ന് മൊസോളിലേക്ക് വിമത സഖ്യത്തിന്റെ കൂടെ പോകുന്നത്…
ഇറാഖിൽ ബന്ദിയായിരുന്ന നീനു ജോസ് എഴുതിയ അനുഭവക്കുറിപ്പ് NDTV പ്രസിദ്ധീകരിച്ചത് വായിക്കുക
Based On a True Story’ എന്നാൽ സംഭവ കഥ അത് പോലെ പറഞ്ഞ് വെക്കലാണു എന്ന വാദമൊന്നുമില്ല.. എന്നാൽ യഥാർത്ഥ സംഭവത്തോട് ഒരു തരത്തിലും നീതി പുലർത്താതെ, തീർത്തും വാസ്തവ വിരുദ്ധവും, ഇസ്ലാമോഫൊബിക്കായി കഥ പറയുകയാണു സിനിമ ചെയുന്നത്.
മാത്രവുമല്ല സിനിമ തീർത്തും അപകടകരമായ ബിംബവൽകരണത്തിലൂടെയാണു സിനിമ മുന്നോട്ട് പോകുന്നത്. ഹിജാബ്, ഖുർആൻ, നമസ്കാരം തുടങ്ങിയ ഇസ്ലാമിക ചിഹ്നങ്ങൾ സിനിമയിൽ ഉപയോഗപെടുത്തിയ രീതി ശ്രദ്ധിച്ചാൽ ഇത് എളുപ്പം മനസിലാകും. തങ്ങളെ ബന്ദികളാക്കിയ ഐസിസ് തീവ്രവാദികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായാണു ഇത്തരം ചിഹ്നങ്ങൾ സിനിമയിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ളത്. അതിലൂടെ അത്തരം ചിഹ്നങ്ങളോടുള്ള ഒരു വിരുദ്ധ മനോഭാവമാണു സിനിമ സൃഷ്ടിക്കുന്നത്.
ഐസിസിനൊപ്പം മൊസോളിലേക്കുള്ള ബസ് യാത്രയിൽ തന്റെ മൊബൈൽ ഉപയോഗിച്ച് മാധ്യമങ്ങളെ അടക്കം വിളിച്ച കഥ പറയാനുള്ള മെറിനക്ക് പക്ഷെ, സിനിമയിൽ മൊബൈൽ ഉപയോഗിക്കാനായി ഇന്ത്യൻ നയതന്ത്രജ്ഞർ യൂ.എനിന്റെ ഭക്ഷണ പൊതി വഴി സാറ്റ്ലൈറ്റ് ഫോൺ നൽകുകയാണു.
ബസ് യാത്രയിൽ തനിക്ക് കിട്ടിയ ഫോൺ ഉപയോഗിച്ച് വെച്ച് സമീറ മനോജിനുള്ള സന്ദേശം കൈ മാറുന്നതിനിടയിൽ ഐ എസ് തോക്കു ധാരി സമീറയുടെ അടുത്തേക്ക് വരുന്നു. സംശയത്തോടെ എന്താണതന്ന് ചോദിക്കുമ്പോൾ സമീറ ഖുർആനാണു എടുത്ത് കാണിക്കുന്നത്. സമാനമായ ഒരുപാട് സന്ദർഭങ്ങൾ സിനിമയിൽ ഉടനീളം കാണാൻ കഴിയും. രക്ഷപ്പെടാനായി മഫ്ത ഇടീപ്പിച്ചും, നമസ്കാരം പഠിപ്പിച്ചും, ഖുർആൻ ഓതിയും ഒക്കെ ഈ വികാരത്തെ സിനിമ നിരന്തരം സൃഷ്ടിക്കുന്നുണ്ട്.
ഇനി ചൊദ്യത്തിലേക്ക് തന്നെ വരാം.. സംഭവ കഥകൾ ഇങ്ങനെയാണെന്നിരിക്കെ മെറിന എങ്ങനെയാണു സമീറയാകുന്നത്.? അല്ല മെറിൻ എന്തിനു സമീറയായി.. നഴ്സുമാരുടെ സംഘത്തിൽ മുസ്ലിംകൾ ഇല്ലന്നിരിക്കെ സിനിമയില്‍ മുസ്ലിം സ്വത്വം ഉപയോഗപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന സാധ്യത എന്താണു?
അതെ സമീറക്ക് പകരം മെറിനായിരുന്നു കേന്ദ്ര കഥാപാത്രമെങ്കിൽ ഈ സിനിമ അധികം മുന്നോട്ട് പോകാൻ കഴിയില്ല എന്നത് തന്നെയാണതിനു ഉത്തരം. മെറിനാകുമ്പോ തട്ടം ഇടാനും നമസ്കാരം പഠിപ്പിക്കാനും ആവിശ്യാനുസരണം ‘രണ്ട് വീതം രണ്ട് നേരം’ സമുദായത്തിനു ഉപദേശം നൽകാനും ഒന്നും സാധിക്കില്ല. സമീറ എന്ന മുസ്ലിം സ്വത്വവും അവളുടെ മുസ്ലിം എന്ന സാധ്യതകൾ ഉപയോഗപ്പെടുത്തുമ്പോൾ മാത്രമാണ് ടേക്ക് ഓഫ് ഒരു ‘വേൾഡ് സിനിമ ക്ലാസിക്’ ത്രില്ലർ ആവുക.. അല്ലെങ്കിലും ഹിജാബിടാൻ നിർബന്ധിക്കാത്ത, ഫോൺ ഉപയോഗിക്കാൻ സമ്മതിക്കുന്ന, ആളുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന, മലയാളികൾ ഇല്ലാത്ത ഐ.എസ് ഒക്കെ എന്ത് ഐ.എസ്… അതിലൊക്കെ എന്ത് ത്രില്ല്??!!
ചുരുക്കത്തിൽ ഒരു കപ്പ് രാജ്യസ്നേഹവും രണ്ട് ലിറ്റർ മുസ്ലിം വിരുദ്ധതയും ഒരു നുള്ള് സംഭവ കഥയും ചേർത്ത് ഇളക്കി, മനോഹരമായി തയ്യാറാക്കിയ ‘വേൾഡ് ക്ലാസികാണു’ ടേക്ക് ഓഫ്.
Comments
comments
