You are here
Home > നിരീക്ഷണം > ഹിജാമയെ വിവാദമാക്കുന്നവരോട്..

ഹിജാമയെ വിവാദമാക്കുന്നവരോട്..

by MOHAMED MAKSUB

കപ്പിങ് അഥവാ ഹിജാമ പ്രചാരമേറി വരുന്ന ഒരു കാലമാണിത്, അതോടൊപ്പം അതിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള വാദപ്രതിവാദങ്ങളും. ഹിജാമ ആശാസ്ത്രീയമാണെന്നും അതിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്നും ഒരു കൂട്ടർ, അതിന് ഉള്ളതിലും കൂടുതൽ ഗുണങ്ങൾ അവകാശപ്പെട്ടുകൊണ്ടും അതിനെല്ലാം ശാസ്ത്രീയ വ്യാഖ്യാനങ്ങൾ നൽകാൻ പാട് പെട്ടും മറ്റൊരു കൂട്ടർ.

എന്താണ് ഹിജാമ ? രക്തത്തിലെ അശുദ്ധാവസ്ഥയെ പരിഹരിക്കാൻ പുരാതന കാലം മുതൽ വിവിധ ചികിത്സാ രീതികളിൽ ഉള്ള ഒന്നാണ് രക്തം കളയൽ. അത് മുഹമ്മദ് നബി (സ) കൊണ്ടുവന്ന ഒന്നല്ല, അതു ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചു എന്നു മാത്രം. ആയുർ വേദക്കാരും, ചൈനീസ് ചികിത്സകരും മറ്റു പല പാരമ്പര്യ ചികിത്സകരും വിവിധ രീതികളിൽ അതു ചെയ്യാറുണ്ട്. പണ്ട് കാലങ്ങളിൽ കൊമ്പുവക്കലും അട്ടയെ കൊണ്ട് കടിപ്പിയ്ക്കലും മറ്റും ആയിരുന്നെങ്കിൽ ഇന്നതിന്റെ പരിഷ്കരിച്ച രീതിയാണ് vacuum cup ഉപയോഗിച്ചുള്ള രീതി. പലതരം വേദനകൾ, നീർക്കെട്ട്, ത്വക് രോഗങ്ങൾ, തുടങ്ങി പല രോഗാവസ്ഥകളിലും അത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഇനി ഹിജാമയുടെ ശാസ്ത്രീയത….. തത്കാലം ഹിജാമ അവിടെ നിൽക്കട്ടെ. ഇന്ത്യയിലെ അംഗീകൃത ചികിത്സകളായ ആയുർവേദം , ഹോമിയോ, യുനാനി , സിദ്ധ എന്നിവയെ ഏതു രീതിയിലാണ് “ശാസ്ത്രീയം” ആയി വിശദീകരിക്കുക ? ഇന്ന് ശാസ്ത്രീയം എന്നു പറഞ്ഞാൽ ആലോപതിയുടെ രീതികൾ എങ്ങനെയാണോ വിശദീകരിക്കുന്നത് അത് പോലെ അതേ സാങ്കേതിക സംജ്ഞകൾ ഉപയോഗിച്ചു വിശദീകരിക്കുക എന്നാണ്.

അതു പ്രകാരം ആയുർവേദത്തിലെ ത്രിദോഷം, പഞ്ചഭൂതം, പ്രാണ, ഹോമിയോയിലെ വൈറ്റൽ ഫോഴ്‌സ്, മയാസങ്ങൾ തുടങ്ങിയ ഒന്നിനെയും വിശദീകരിക്കാൻ സാധ്യമല്ല. (സിദ്ധ, യുനാനി ഞാൻ വായിച്ചിട്ടില്ല). എന്നു വച്ച് അതെല്ലാം വ്യാജമാണ് എന്നു പറയാൻ സാധിക്കുമോ ? WHO അംഗീകരിച്ച ചികിത്സാരീതിയാണ് അക്യുപങ്ചർ. അതിന്റെ യഥാർത്ഥ തത്വങ്ങളെ “ശാസ്ത്രീയ”മായി വിശദീകരിക്കാൻ സാധിക്കില്ല. (എന്നാൽ കുറച്ചു അലോപ്പതി ഡോക്ടർമാർ അക്യുപങ്ചർ ചെയ്യുന്നുണ്ട്.)

അതായത് ഓരോ ചികിത്സാ രീതികൾക്കും അതിന്റെതായ തത്വങ്ങളും രീതികളും ഉണ്ട്. അത് അനേക വർഷങ്ങൾ നീളുന്ന അനുഭവ നിരീക്ഷണ രീതികളിലൂടെ വികസിക്കുന്നതാണ്. അതിനെയെല്ലാം ആലോപതിയുടെ രീതികൾ ഉപയോഗിച്ച് വിശദീകരിക്കാൻ സാധിക്കണം എന്നില്ല, ആർക്കെങ്കിലും വേണമെങ്കിൽ അയാളുടെ അറിവനുസരിച്ചു വ്യാഖ്യാനിക്കാം എന്നു മാത്രം. അത് പലപ്പോഴും അലോപ്പതി വിശ്വാസികളെ തൃപ്തിപ്പെടുത്തില്ല, എന്നു മാത്രമല്ല പരിഹസിക്കാൻ തുടങ്ങുകയും ചെയ്യും.

ഉദാഹരണത്തിന് ഹിജാമയുടെ പ്രധാന ഗുണങ്ങളിൽ ഒന്നായി പറയുന്ന ഒന്നാണ് രക്ത ശുദ്ധീകരണം. ആലോപതിയുടെ കണ്ണിൽ അത് ശരിയാകില്ല, അവർക്ക് ലബോറട്ടറിയിൽ അളക്കാൻ കഴിയുന്ന മേറ്റബോളിക് വെയിസ്റ് മാത്രമാണ് രക്തത്തിൽ ഉണ്ടാകുക. അതൊന്നും ചില സ്ഥലങ്ങളിൽ നിന്നും രക്തം കളഞ്ഞാൽ പോകില്ല. എന്നാൽ ആയുർവേദത്തിലും ഹോമിയോയിലും രക്ത ശുദ്ധീകരണത്തെ കുറിച്ചും അതുണ്ടാക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ചും പറയുന്നുണ്ട്. പക്ഷെ അത് അലോപ്പതി പറയുന്ന മാലിന്യങ്ങൾ ആകണമെന്നില്ല.

പറഞ്ഞു വന്നത് “ശാസ്ത്രീയത”യെ പറ്റിയാണ്. ലബോറട്ടറിയിൽ തെളിയിക്കാൻ സാധിക്കുന്നത് മാത്രമാണ് ശാസ്ത്രീയം എന്നത് ആധുനിക ആലോപതിയുടെ ദൃഢ അന്ധ വിശ്വാസമാണ്. അല്ലാത്തതെല്ലാം വ്യാജമാണ്, പ്ലസീബോ എഫെക്ട് ആണ്,…. അതിനെ തിരുത്താനോ അവരോട് വാദിക്കാനോ പോയിട്ട് ഒരു കാര്യവുമില്ല.

അതായത് “ശാസ്ത്രീയമായി” വിശദീകരിക്കാൻ ഹിജാമ വിശ്വാസികൾ മുതിരേണ്ടതില്ല, അങ്ങിനെ അലോപ്പതി വിശ്വാസികൾ ആവശ്യപ്പെട്ടിട്ട് കാര്യവുമില്ല. കാരണം മനുഷ്യന് അനുഭവിച്ചറിയാൻ മാത്രം സാധിക്കുന്ന ചിലതെല്ലാം ഉണ്ട്, അതെല്ലാം ലാബിൽ അളന്നു കാണിക്കണം എന്നു ശാഠ്യം പിടിച്ചിട്ടു കാര്യമില്ല. മനുഷ്യൻ കുറച്ചു മൂലകങ്ങളുടെയും സംയുക്തങ്ങളുടെയും “ശാസ്ത്രീയ”മായ സങ്കലനം മാത്രമാണ് എന്നു വിശ്വസിക്കുന്നവർക്ക് അതിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിച്ചു ജീവിക്കാം. അതിലുപരിയായി മറ്റു പലതും മനുഷ്യനിൽ ഉൾച്ചേർന്നിരിക്കുന്നു എന്നു വിശ്വസിക്കുന്നവർ മാത്രം മറ്റു ചികിത്സകൾ ചെയ്താൽ മതി.

Comments

comments

Top
>