You are here
Home > കേരളീയം > കേരളകൌമുദി – കല്യാൺസിൽക്സ് സ്ഥലമിടപാട് അന്വേഷണവിധേയമാക്കണമെന്ന് ആവശ്യം

കേരളകൌമുദി – കല്യാൺസിൽക്സ് സ്ഥലമിടപാട് അന്വേഷണവിധേയമാക്കണമെന്ന് ആവശ്യം

കോഴിക്കോട്: കൗമുദിഗ്രൂപ്പിന് കോഴിക്കോട് നഗരമധ്യത്തിലായുണ്ടായിരുന്ന പൈതൃക സ്വത്ത് കല്ല്യാണ്‍ സില്‍ക്‌സിന് വിറ്റ ഇടപാടിനെ ചൊല്ലി വിവാദങ്ങൾ ഉയരുന്നു. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ കൗമുദി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 1.20 ഏക്കര്‍ സ്ഥലമാണ് വിറ്റത്.

നെല്ലിക്കോട് വില്ലേജ് ഓഫീസില്‍ 16.11.2016ലാണ് സ്ഥലം വില്‍പ്പന രജിസ്റ്റര്‍ ചെയ്ത ഇടപാടിൽ 12കോടി രൂപയാണ് വില കാണിച്ചിരിക്കുന്നത്. എന്നാൽ, ഈ മേഖലയിലെ യഥാർത്ഥ വില50 കോടിയെങ്കിലും വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരള കൗമുദി  മാനേജിങ് ഡയറക്ടർ എം.എസ് രവി പ്ലാമൂഡിന്റെ മകന്‍ ദീപു രവിയാണ് ഇടപാടിൽ ഒപ്പിട്ടിരിക്കുന്നത്.

കല്ല്യാണ്‍ സില്‍ക്‌സ് ഉടമ ടി.എസ് പട്ടാഭിരാമന്റെ മകന്‍ ടി. സീതാരാമനാണ് വസ്തു വാങ്ങിയ വ്യക്തി.

സുപ്രീം കോടതി വിധി പ്രകാരം കേരളാ കൗമുദിയുടെ 50% ഷെയര്‍ അന്തരിച്ച എം.എസ് മധുസൂദന്റെ കുടുംബത്തിന്റെ പേരിലാണ്. ബാക്കിയുള്ള 50 ശതമാനത്തിൽ എം.എസ് രവിയുടെയും എം.എസ് ശ്രീനിവാസന്റെയും എം.എസ് മണിയുടെയും കുടുംബങ്ങൾക്ക് അവകാശമുണ്ട്.

എന്നാൽ മധുസൂദനന്റെയോ ശ്രീനിവാസന്റെയോ മണിയുടെയോ കുടുംബങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു നിലപാട് നടന്നതെങ്ങനെയെന്നും അത് നിയമപരമായി എങ്ങനെ നിലനിൽക്കുമെന്നുമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്.


ഇതിലെല്ലാമുപരി, സമകാലികമായി കൂടുതൽ പ്രാധാന്യമുള്ള ചോദ്യം ഇത്രയും വലിയൊരു ഇടപാടിനുള്ള സംഖ്യ എങ്ങനെ സ്വരൂപിക്കാനായി എന്നുള്ളതാണ്.

വിൽപനവില മുഴുവനും കറൻസിയായി കൈമാറിയിട്ടില്ല എന്ന് വാദിച്ചാലും രജിസ്ട്രേഷനു വേണ്ടിയുള്ള സ്റ്റാംപ് ചിലവുകൾക്കുള്ള 25 ലക്ഷത്തോളം രൂപ പണമായി തന്നെ അടച്ചേ മതിയാകൂ. കറൻസി കൈമാറ്റത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ഇത്രയും വലിയ തുകയുടെ ഇടപാട് നടന്നതെങ്ങനെയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

അസാധുവാക്കിയ 500, 1000 രൂപയുടെ കറൻസികളാണ് ഇതിനു വേണ്ടി ഉപയോഗിച്ചതെങ്കിൽ അത് നിയമവിരുദ്ധമാണ്.

അതല്ല, ഇത്രയും വലിയ സംഖ്യക്കുള്ള ചെറിയ കറൻസികളോ അല്ലെങ്കിൽ പുതിയ 2000 രൂപ നോട്ടുകളോ എങ്ങനെ സംഘടിപ്പിച്ചുവെന്നത് പൊതുജനത്തിന് അറിയാൻ അവകാശമുണ്ട്.


കൂടുതൽ വിവരങ്ങൾ ലഭ്യമായതിനു ശേഷം ഇടപാടിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന്  കലാകൌമുദി മാനേജിങ് ഡയറക്ട എം.എസ് സുകുമാരൻ മണി ‘സിറ്റിസൺ ന്യൂസി’നോട് പറഞ്ഞു.

Comments

comments

Top
>