
സ്വന്തം ലേഖകൻ
–
ഇന്ത്യൻ സാന്പത്തിക രംഗത്ത് ശക്തമായ ഉലച്ചിൽ ഉണ്ടാക്കിയിട്ടുള്ള കറൻസി പരിഷ്കരണം പലരും കരുതിയതിനേക്കാൾ രൂക്ഷമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.
നോട്ട് മാറ്റിവാങ്ങുന്നതിനു വേണ്ടി ബാങ്കിനു മുന്നിൽ ക്യൂ നിൽക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാത്രമാണ് പലരും മുഖ്യപ്രശ്നമായി കാണുന്നത്.
എന്നാൽ, ഭരണകൂടം അടിയന്തരമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ഭീതിതമായ നാളുകളാണ് മുന്നിലുള്ളതെന്ന് വിചക്ഷണര്‍ ചൂണ്ടിക്കാണിച്ചുകഴിഞ്ഞു.
സമാനമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന സിംബാബ്വെയിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതായി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ നമ്മൾ നേരിടുന്നത് ഒറ്റപ്പെട്ടതും താൽക്കാലികവുമായ ഒരു പ്രതിസന്ധിയല്ലെന്നും പുതിയ ലോകക്രമം പിന്തുടരുന്ന വികലവും താൽപര്യങ്ങളിലധിഷ്ടിതവുമായ സാന്പത്തിക നയങ്ങളുടെ അനിവാര്യമായ തിരിച്ചടി മാത്രമാണെന്നും വിശകലനം ചെയ്യന്പോൾ നമുക്ക് ബോധ്യമാകും.
കാര്യങ്ങൾ ഇങ്ങനെ തന്നെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ പ്രതിസന്ധികൾ സ്വാഭാവികമായും സാന്പത്തികം മാത്രമായിരിക്കുകയില്ല. കറൻസി കൈമാറ്റങ്ങൾ നിലക്കുകയാണെങ്കിൽ അത് മൊത്ത-പ്രാദേശിക വിപണികളെ ഉൾപ്പെടെ സ്തംഭിപ്പിക്കാതിരിക്കില്ല. സമയം മുന്നോട്ടു പോകുന്നതനുസരിച്ച് ഉൽപാദനത്തെയും ഇത് രൂക്ഷമായി ബാധിക്കും.
വിപണിയിൽ ഇപ്പോൾ ശേഖരത്തിലുള്ള വിഭവങ്ങൾ തീര്‍ന്നാൽ സ്ഥിതി തീര്‍ത്തും തകിടം മറിയുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഉൽപാദനം നടക്കുകയും ഉൽപാദകരിൽ നിന്ന് മൊത്തകച്ചവടക്കാരിലൂടെ പ്രാദേശിക വിപണിയിലേക്ക് സാധനങ്ങൾ എത്തുകയും ചെയ്യുക എന്ന പ്രക്രിയ ഇതുപോലെ തന്നെ നിലനിൽക്കും എന്ന് ഉറപ്പുപറയാനാകില്ല.
സ്വാഭാവികമായും, പണമുള്ളവനും ഇല്ലാത്തവനുമെല്ലാം വലിയ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.
മറ്റേതൊരു പ്രശ്നത്തോടും ജനം സംയമനം കാണിച്ചാലും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളുടെ പേരിൽ പട്ടിണി കിടക്കേണ്ടി വരിക എന്നത് അവര്‍ ഒരു കാരണവശാലും പൊറുക്കുകയില്ല എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.
ജനം തെരുവിലിറങ്ങുന്നത് പ്രതിഷേധങ്ങൾക്കു വേണ്ടി മാത്രമാകട്ടെയെന്നും പല രാജ്യങ്ങളിലും നടന്നിട്ടുള്ളതുപോലെ തെരുവുകൊള്ളകളിലേക്ക് അത് നീങ്ങുന്നത്രയും പ്രതിസന്ധി രൂക്ഷമാകാതിരിക്കട്ടെയെന്നും നീണ്ടുനിൽക്കാതിരിക്കട്ടെയെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇത്തരമൊരു പ്രതിസന്ധിയില്‍ നമുക്ക് എന്ത് ചെയ്യാനാകും?
പരിഭ്രാന്തരാകാതിരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. കാരണം, പരിഭ്രാന്തി നമ്മുടെ പ്രശ്നത്തെ പരിഹരിക്കുകയില്ല.
എന്നാല്‍, പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനു മുൻപ്, യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്നത്തെ അഭിമുഖീകരിക്കാൻ മാനസികമായി ഒരുങ്ങുകയായിരിക്കും നമുക്ക് ചെയ്യാനുള്ള ഒന്നാമത്തെ കാര്യം.
കയ്യിൽ ഉള്ള കറൻസി കൂടുതൽ സൂക്ഷിച്ച് ഉപയോഗിക്കുക, ബാങ്ക് അക്കൗണ്ടുകൾ ഉള്ളവര്‍ ഇനിയുള്ള ഷോപ്പിങ്ങുകളിൽ പരമാവധി ഡെബിറ്റ്-എടിഎം കാര്‍ഡുകൾ ഉപയോഗിച്ച് മാത്രം പണമടക്കുക, കയ്യിലുള്ള നോട്ടുകൾ കഴിയുന്നതും ഷോപ്പിങ്ങിന് ഉപയോഗിക്കാതിരിക്കുക, അവശ്യസാധനങ്ങൾ വില കുതിച്ചുയരുകയോ തീരെ കിട്ടാതാവുകയോ ചെയ്യുന്നതിന് മുൻപ് സാധിക്കുന്ന തരത്തിൽ അത്യാവശ്യത്തിന് വാങ്ങിസൂക്ഷിക്കുക എന്നിവ പ്രാഥമികമായ മുൻകരുതലുകളായിരിക്കും.
ഉടനെ നടത്തിയില്ലെങ്കിൽ വലിയ പ്രശ്നമില്ലാത്ത പെയ്മെൻറുകൾ തൽക്കാലം പിന്നീടേക്ക് മാറ്റിവെക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യാനാവും.
ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാലും, കയ്യിൽ അസാധുവല്ലാത്ത കറൻസികൾ ഉണ്ടെങ്കിലും അവ കൊണ്ട് വിലകൊടുത്തു വാങ്ങാൻ മാര്‍ക്കറ്റില്‍ സാധനങ്ങൾ ഇല്ലാത്ത അവസ്ഥയും ഉണ്ടായെന്നു വരാം. ഇത്തരം സാഹചര്യങ്ങളിൽ ഏതു തരത്തിൽ മുന്നോട്ടു പോകണമെന്നതും അവധാനതയോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
ലോകയുദ്ധകാലത്ത് ഉണ്ടായ ക്ഷാമസമയത്ത് രാജ്യം എങ്ങനെ മുന്നോട്ടു പോയോ അതേ തരത്തിൽ കടുത്ത ആത്മനിയന്ത്രണത്തിലൂടെ മുന്നോട്ടുപോവുകയായിരിക്കും അവശേഷിക്കുന്ന ഏകപരിഹാരം.
Comments
comments
