
ഷാങ്ഹായ്: അയല്‍രാജ്യവുമായുള്ള ശത്രുത പ്രധനാ മൂലധനമായ രാഷ്ട്രീയം പേറുകയും അതുവഴി ദേശീയവികാരം കത്തിച്ചുനിര്‍ത്തുകയും ചെയ്യുന്ന ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും അവിശ്വസനീയമായൊരു വാര്‍ത്ത.
ഇരുരാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം നടത്താന്‍ ഒരുങ്ങുന്നുവെന്ന് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാങ്ഹായ് സഹകരണ സമിതിയില്‍ അംഗമാകാനൊരുങ്ങവെയാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇത്തരമൊരു ധാരണയിലെത്തിയത്.
പാകിസ്ഥാന്‍ വിരുദ്ധതയുടെ പേരില്‍ പേരെടുത്ത പാര്‍ട്ടി രാജ്യം ഭരിക്കുകയും രാജ്യനിവാസികളെ പാകിസ്ഥാന്‍ അനുകൂലികളെന്ന് മുദ്രകുത്തുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. പാകിസ്ഥാനിലാകട്ടെ ഇതിന് നേര്‍വിപരീതമായിട്ടുള്ള അവസ്ഥയും.
കശ്മീര്‍ പ്രശ്നത്തിന്‍റെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വടംവലികളും പോര്‍വിളികളുമാകട്ടെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല താനും.
ഇത്തരമൊരു ശത്രുതാപരമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇരുരാജ്യങ്ങളും സംയുക്തസൈനികാഭ്യാസത്തിന് ഒരുങ്ങുന്നത് എന്നത് അങ്ങേയറ്റം കൗതുകമുണര്‍ത്തുന്ന കാര്യമാണ്.
പാകിസ്ഥാനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇത്തരമൊരു നീക്കമുണ്ടായത് സംഘപരിവാര്‍ അനുകൂലികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
Comments
comments
