By നാസറുദ്ദീൻ മണ്ണാക്കാട്
ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു വലിയ പുഴയെ ഒറ്റയടിക്ക് പിടിച്ചു കെട്ടിയത് പോലെയാണ് ഇന്ന് അർദ്ധ രാത്രി മുതൽ 500 ന്റെയും 1000 ന്റെയും കറൻസി അസാധുവാക്കുമെന്ന തീരുമാനം. കേവലം ട്രോൾ പോസ്റ്റുകളിലൂടെ ആസ്വദിച്ചു തള്ളാവുന്ന തമാശകൾ പോലെയാവില്ല ഏതാനും മിനിറ്റുകൾ കഴിഞ്ഞാൽ സാധാരണക്കാരുടെ കാര്യങ്ങൾ.
ഇന്നത്തെ കൂലിപ്പണിക്ക് കിട്ടിയ അഞ്ഞൂറ് രൂപയുടെ നോട്ടുമായി ഉറങ്ങാൻ പോയ കോരന്മാരുടെ നാടാണ് ഇന്ത്യ. നാളെ ആ നോട്ട് വെറും കടലാസ് ആയി പോയ വിവരം അറിയാത്ത കോടിക്കണക്കിനു പേരുടെ നാട്. നാളെ ഇതൊന്നും അറിയാതെ അത്യാവശ്യ കാര്യങ്ങൾക്ക് മാർക്കറ്റിൽ പോവുന്ന കോടിക്കണക്കിനു പേരുടെ ദുരിതം നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്.
അതൊക്കെ അവിടെ നിൽക്കട്ടെ. ആളുകൾ അല്പം കഷ്ടപ്പെട്ടാലും ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന് നോക്കാം. വലുപ്പത്തിൽ ലോകത്തിലെ തന്നെ വലിയ ഒരു എകണോമി ആണ് ഇന്ത്യയുടെ എകണോമി. ഒരു സുപ്രഭാതത്തിൽ മാർക്കറ്റിലെ 60 % വരുന്ന കറൻസിയും അസാധു ആണെന്ന് പ്രഖ്യാപിച്ചാൽ അതിന്റെ ആഘാതം ചെറുതാവില്ല. നാളെ മുതൽ ഒരാഴ്ചച്ച സ്റ്റോക്ക് മാർക്കറ്റിൽ വലിയ ചലനങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. എഫ് ഡി. ഐ ഒഴുക്ക് സ്തംഭിക്കും എന്നുറപ്പാണ്.
അതിനേക്കാൾ അപകടകരമാണ് കറൻസിയുടെ വെലോസിറ്റി ഇല്ലാതാവുന്നത്. ഒരു പുഴക്ക് കുറുകെ ഡാം കെട്ടി ഒരു ചീർപ്പിലൂടെ അൽപാൽപമായി വെള്ളം തുറന്നു വിടുന്നത് പോലെ കറൻസിയുടെ ഒഴുക്ക് നിയന്ത്രിച്ചാൽ ദീർഘ കാലത്ത് ചില ഗുണങ്ങൾ കിട്ടുമെങ്കിലും കറൻസിയുടെ വെലോസിറ്റി വളരെയധികം കുറയും. ഇടപാടുകൾ മന്ദീഭവിക്കും. അത് എകണോമിയിൽ ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. ചെറിയൊരു ഹർത്താൽ എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുവോ അതിന്റെ ഒരു നൂറിരട്ടി നഷ്ടം ഈ സഡൻ ബ്രേക്ക് കൊണ്ട് ഉണ്ടാവാൻ പോവുകയാണ്.
രാജ്യത്തെ വൻകിട കള്ളപണക്കാരെ ഒന്നും ചെയ്യാൻ മോദിക്ക് ഇതുവരെയും കഴിഞിട്ടിട്ടില്ല . നൂറു ദിവസം കൊണ്ട് മുഴുവൻ കള്ളപ്പണവും കൊണ്ട് വരും എന്ന് പറഞ്ഞിട്ട് അത് നടപ്പാക്കാൻ കഴിയാത്തതിന്റെ ക്ഷീണം തീർക്കാൻ വേണ്ടിയുള്ള അടവായി മാത്രം ഈ നീക്കത്തെ കാണാം. ഒരു എകണോമിസ്റ്റ് പോലും റെക്കമെന്റ് ചെയ്യാത്ത സഡൻ ബ്രേയ്ക്ക് തീരുമാനം എടുക്കേണ്ടി വന്നത് മുഖം മിനുക്കാൻ വേണ്ടി മാത്രമാണ്
Comments
comments
