You are here
Home > കേരളീയം > മോഡിയെ അയക്കേണ്ടത് ഭ്രാന്താശുപത്രിയിലേക്ക് – വി.എസ്

മോഡിയെ അയക്കേണ്ടത് ഭ്രാന്താശുപത്രിയിലേക്ക് – വി.എസ്

കറൻസി മാറ്റത്തിലൂടെ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി മോഡിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് സ. വി.എസ് അച്യുതാനന്ദൻ.  തിരുവനന്തപുരത്തു നടന്ന സഹകരണധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നോട്ടുനിരോധനം തെറ്റായെങ്കിൽ തന്നെ തൂക്കിലേറ്റൂ എന്നാണ് മോഡി അട്ടഹസിക്കുന്നത്. എന്നാൽ മോഡിയെ തൂക്കിലേറ്റുകയല്ല വേണ്ടത്. പരസ്പര ബന്ധമില്ലാതെ കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങളില്ലേ, അങ്ങോട്ട് അയക്കുകയാണ് വേണ്ടത്.

മോദി അധികാരത്തിൽ വരുമ്പോൾ പറഞ്ഞ വാഗ്ദാനം നൂറു ദിവസങ്ങൾക്കുള്ളിൽ വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൌണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കും എന്നായിരുന്നു. ഇപ്പോൾ നൂറല്ല, ആയിരം ദിവസം ആകാൻ പോകുന്നു. നിങ്ങളുടെയെല്ലാം അക്കൌണ്ടിൽ എത്രരൂപ വന്നു?

അന്നുതന്നെ മോദിയെ കുറിച്ച് ആളൊരു ഉലകം ചുറ്റും വാലിബനാണെന്ന് ഞാൻ പറഞ്ഞിരുന്നു. ആ പേര് അദ്ദേഹം ഇപ്പോഴും മുറതെറ്റാതെ കാത്തുസൂക്ഷിക്കുന്നുണ്ട്.

ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാരുടെ വയറ്റത്തടിച്ച് മോദി ജപ്പാനിൽ പോയി കുശാലായി  ശാപ്പാടടിച്ചും പാട്ടുപാടിയും കുഴലൂതിയും ഡാൻസുകളിച്ചും നടക്കുകയാണ്.

ഇപ്പോൾ, നോട്ടുമാറാൻ ബാങ്കിലെത്തുന്ന പൊതുജനത്തെ  കള്ളൻമാരെ പോലെ കയ്യിൽ ചാപ്പകുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചാപ്പകുത്തുന്ന പ്രധാനമന്ത്രിയെ ലോകത്തിനു സമ്മാനിച്ചതിൽ ബി.ജെ.പിക്കാർക്ക് അഭിമാനിക്കാൻ വകയുണ്ട്.

ജനകീയ പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ഭരണാധികാരികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വീണുപോയ കാര്യം മറക്കരുത് എന്നും വി.എസ് മോഡിയെ ഓർമിപ്പിച്ചു.

Comments

comments

Top
>