
നസറുദീൻ മണ്ണാർക്കാട്
ഇന്ത്യയിലുടനീളം സംഘ് പരിവാർ ഫാസിസത്തിന്റെ അർബുദ കോശങ്ങൾ പടർന്നു കയറിയപ്പോഴും കേരളം സഹ്യനിപ്പുറം മതേതരത്വത്തിന്റെ പട്ടു പുതച്ചു കിടന്നതിന് പുറകിൽ ഇടത് പ്രസ്ഥാനങ്ങളുടെ പങ്ക് നിസ്തുലമാണ്.
ഇടത് പ്രസ്ഥാനങ്ങളുടെ മറ്റു നയങ്ങളോട് യോജിക്കാൻ കഴിയാത്തവർ പോലും അവരുടെ മത നിരപേക്ഷ- ജനാധിപത്യ മൂല്യങ്ങളെ മനസ്സ് കൊണ്ടെങ്കിലും ബഹുമാനിച്ചു പോന്നിട്ടുണ്ട് എന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും .
എണ്ണിപ്പറയാൻ ഒട്ടനവധി സ്വപ്ന പദ്ധതികൾ ഉണ്ടായിരുന്നിട്ടു പോലും ഉമ്മൻ ചാണ്ടി സർക്കാർ തിരിച്ചടി നേരിട്ടത് പ്രധാനമായും രണ്ടു കാര്യങ്ങളിലായിരുന്നു.ഒന്ന് , സോളാറിൽ തുടങ്ങി ബാബുവിൽ അവസാനിച്ച അഴിമതി ആരോപണങ്ങൾ. രണ്ട്, തൊഗാഡിയയുടെ കേസ് പിൻവലിക്കുകയും അതിലൂടെ സംഘ് പരിവാർ അജണ്ടകൾക്ക് വിധേയമായി ആഭ്യന്തരം നീങ്ങുകയും ചെയ്തു.
ഒരു വശത്ത് ഫാസിസം ഫണം വിടർത്തി ആടിയപ്പോൾ അതിനെ ചെറുക്കാൻ ആർജ്ജവം കാണിക്കുന്ന നിലപാടിലേക്ക് ഉയരാൻ യു. ഡി. എഫിന് കഴിഞ്ഞില്ല എന്നതൊരു പോരായ്മയാണ്. അതേ സമയം പ്രതിപക്ഷത്ത് ഇരുന്നു കൊണ്ട് സംഘ് പരിവാർ ആരോപണങ്ങൾക്ക് അക്കമിട്ട മറുപടി നൽകിയും പലപ്പോഴും ആർജ്ജവത്തോടെ തെരുവിൽ ഇറങ്ങിയും ഇടത് പക്ഷം മതേതര ചേരിയുടെ മനം കവർന്നു. അതിന്റെ ഫലമാണ് അവർക്ക് ലഭിച്ച മിന്നുന്ന വിജയം.
ഇടത് വന്നാൽ എല്ലാം ശരിയാവുമെന്ന മുദ്രാവാക്യം ജനങ്ങളോട് നേരിട്ടാണ് സംവദിച്ചത്.അതിനാൽ തന്നെ ഈ സർക്കാർ മതേതര കേരളത്തിന്റെ പ്രതീക്ഷകൾ പുലർത്തുമെന്ന് വാനോളം സ്വപ്നം കണ്ട ഒരു സമൂഹം തന്നെയാണ് ഇടതിന് വേണ്ടി അരയും തലയും മുറുക്കി രംഗത്ത്‍ വന്നത്.
6 മാസം ഒരു ഭരണത്തെ വിലയിരുത്താനുള്ള കാലഘട്ടം അല്ല എന്ന് സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ, ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് 60 ൽ പരം പേർക്ക് യു. എ. പി. എ ചുമത്തി എന്നത് ഞെട്ടിക്കുന്ന വാർത്തയാണ്.
യു. എ. പി.എയ്ക്ക് എതിരെ നിലപാട് എടുത്ത ഒരു പാർട്ടി ഭരിക്കുമ്പോൾ മൂന്നു ദിവസത്തിൽ ശരാശരി ഒരാൾക്ക് ഈ കരിനിയമം ചുമത്തുന്നു എന്ന് പറയുന്നത് പ്രതീക്ഷകളെ കരിച്ചു കളയുകയാണ്.
യുവമോർച്ചക്കാർ ചൂണ്ടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും അവർ തടയുന്നവരെ പോലീസ് തടയുകയും ചെയ്യുന്നത് വേദനാ ജനകമാണ്. പിണറായി വിജയൻ എന്നും ഫാസിസത്തിനെതിരെ ശബ്ദിച്ച രാഷ്ട്രീയ നേതാവാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ആഭ്യന്തരം ഇത് വരെ അദ്ദേഹത്തിന്റെ കൈപ്പിടിയിൽ പൂർണ്ണമായി ഒതുങ്ങിയിട്ടില്ല എന്ന് തോന്നിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.
പൊതു സമൂഹം പ്രതീക്ഷ വെച്ച് പുലർത്തിയ പിണറായി വിജയൻ ഒരിക്കലും സംഘ് പരിവാർ അജണ്ടകൾക്ക് വഴങ്ങില്ല എന്ന് തന്നെയാണ് വിശ്വാസം. ആദർശം അടിയറവ് വെച്ച് കൊണ്ട് നാണം കെട്ട ഒത്തു തീർപ്പുകൾക്ക് അദ്ദേഹം വഴങ്ങില്ലെന്ന് തന്നെയാണ് പൊതുസമൂഹം കരുതുന്നത്.
എന്നിട്ടും എങ്ങനെയാണ് പോലീസ് സംഘ് പരിവാർ അജണ്ട നടപ്പാക്കുന്നത്. ബിജെപി ഓഫീസിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന പൊലീസിലെ ആന്റിനകൾ ആരാണെന്ന് കണ്ടെത്താൻ അദ്ദേഹത്തിന് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്.
ഒരുകാര്യം ഉറപ്പാണ്. ഈ രീതിയിലാണ് മുന്നോട്ടു പോക്കെങ്കിൽ മതേതര കേരളത്തിന്റെ പ്രതീക്ഷകൾ വാടിക്കരിയുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ഇന്നലെകളിൽ സ്വീകരിച്ച ആർജ്ജവമുള്ള ഫാസിസ്റ്റ് വിരുദ്ധനയത്തിൽ നിന്ന് വ്യതിചലിക്കാതെ ഇന്ത്യയുടെ ഹീറോ ആവാനുള്ള സുവർണ്ണ അവസരമാണ് പിണറായി വിജയന് ഈ മുഖ്യമന്ത്രി പദവി. അദ്ദേഹം അങ്ങനെയാവണം എന്ന് ആഗ്രഹിക്കാൻ ഇടതു പക്ഷക്കാരൻ ആവണമെന്നില്ല.
Comments
comments
