തിരുവനന്തപുരം: കരിനിയമങ്ങൾ ഉപയോഗിച്ച് പ്രതിയോഗികളെയും പാര്‍ശ്വവൽകൃതരെയും വേട്ടയാടുന്ന പോലീസ് നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.എസ് അച്യുതാനന്ദൻ.
കടൽതീരത്ത് കാറ്റുകൊള്ളാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വീസിൽ നിന്ന് പിരിച്ചു വിടണം.
പിഞ്ചുകുഞ്ഞിനെയും സ്ത്രീകളെയും വരെ മര്‍ദിക്കുന്നവര്‍ കേരള പോലീസിൽ ഉണ്ടാവാൻ പാടില്ല.
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരളാ പോലീസ് എന്ന് പോലീസുകാരും തിരിച്ചറിയണം. ഇത് ഇടതുപക്ഷ ഭരണമാണ്.
പോലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നു.
ദളിതരും ആദിവാസികളും എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവരുത്.
കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവില്ല എന്ന് ഉറപ്പുവരുത്താന്‍ ബാധ്യതയുള്ളവരാണ് കേരളത്തിലെ പോലീസ്.
തന്റെ നോവലില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി കമല്‍ സി ചവറ എന്ന എഴുത്തുകാരനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയും നട്ടെല്ല് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത വന്നിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള നടപടിയാണെന്നാണ് പോലീസ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്.
ഫാസിസ്റ്റുകളുടെ നിര്‍ദേശങ്ങൾക്കനുസരിച്ചല്ല കേരള പോലീസ് പ്രവര്‍ത്തിക്കേണ്ടത്.
ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനേ ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കൂ.
ഈ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുകയാണ് വേണ്ടത്. അങ്ങനെ മാത്രമേ പോലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്താനാവൂ
എന്നും വി.എസ് കൂട്ടിച്ചേര്‍ത്തു
നിലമ്പൂരില്‍ നടന്ന ഏറ്റുമുട്ടൽ കൊലപാതക വിഷയത്തിൽ പോലീസിന്‍റെ മനോവീര്യം തകര്‍ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു.
Comments
comments
